മൊബൈല്‍ ഫോണുകളിലെ സെക്കന്‍ഡറി ക്യാമറകളെക്കുറിച്ച് ആദ്യകാലം മുതലേ ടെക് വിദഗ്ധര്‍ പറഞ്ഞിരുന്നത് വീഡിയോ കോളിങ്ങിനുള്ള ക്യാമറയെന്നാണ്. മുന്തിയ മൊബൈലുകളും, മികച്ച നെറ്റ്‌വര്‍ക്കുമുള്ളിടത്ത് അത് കുറച്ചൊക്കെ സത്യവുമായി.
പക്ഷേ, മൊബൈലുകളിലെ മുന്‍ഭാഗത്തുള്ള ക്യാമറയുടെ യഥാര്‍ഥ ഉപയോഗം എന്താണെന്ന് സമീപകാലത്താണ് വ്യക്തമാകുന്നത്. വീഡിയോകോളിങിന് എന്നതിലുപരി സെല്‍ഫിയെടുക്കാനാണ് ആ ക്യാമറകള്‍ ഉപയോഗിക്കുന്നത്.
മുന്നില്‍ കാണുന്ന സംഗതികളിലേക്ക് മൊബൈല്‍ ക്യാമറ തിരിക്കുന്നതിന് പകരം, സ്വന്തം മുഖത്തേക്ക് ക്യാമറ തിരിക്കുകയായി ഫാഷന്‍. 'സെല്‍ഫിയാണ് താരം' എന്ന നിലയ്‌ക്കെത്തി കാര്യങ്ങള്‍.
ഇപ്പോഴിതാ, സെല്‍ഫികള്‍ മൊബൈലിന്റെ മുന്‍ക്യാമറകള്‍ വിട്ട് യഥാര്‍ത്ഥ ക്യാമറകളിലേക്ക് ചേക്കേറുന്നു. ഈ ശ്രേണിയിലേക്ക് നിക്കോണ്‍ കുടുംബത്തില്‍നിന്ന് പുതിയൊരു താരം എത്തുകയാണ്. ആംഗ്യത്തിലൂടെ ( Gesture ) ചിത്രമെടുക്കാന്‍ സഹായിക്കുന്ന 'നിക്കോണ്‍ കൂള്‍പിക്‌സ് എസ്6900' ( Nikon CoolPix S6900 ) ആണ് സെല്‍ഫി ക്യമറനിരയിലേക്ക് എത്തുന്നത്. കാഴ്ചയിലുള്ള ഭംഗിയും മികച്ച സാങ്കേതിക സവിശേഷതകളുമാണ് ഈ ചെറുക്യാമറയെ വ്യത്യസ്തമാക്കുന്നത്.
എളുപ്പത്തില്‍ മുന്നിലേക്കും പിന്നിലേക്കും തിരിക്കാവുന്ന മൂന്ന് ഇഞ്ച് 460 കെ ഡോട്ട് ഡിസ്‌പ്ലേയാണ് ക്യാമറയ്ക്കുള്ളത്. ഇത് സെല്‍ഫി എടുക്കാന്‍ സൗകര്യമൊരുക്കുന്നു.
16 മെഗാപിക്‌സല്‍ സിഎംഒഎസ് സെന്‍സറാണ് കൂള്‍പിക്‌സ് എസ്6900 യിലേത്. ഇതിന്റെ 25-300 എംഎം ലെന്‍സ് 12എക്‌സ് ഒപ്ടിക്കല്‍ സൂം നല്‍കും. ഇത് നല്‍കുന്ന വൈഡ് ആങ്കിള്‍ കവറേജ് ഒരേസമയം കൂടുതല്‍ പേരെ ഫ്രെയിമില്‍ ഉള്‍പ്പെടുത്തി സെല്‍ഫിയെടുക്കാന്‍ അവസരമൊരുക്കുന്നു. ഗ്രൂപ്പ് സെല്‍ഫികള്‍ക്ക് ഏറെ ഉപകരിക്കുന്ന പ്രത്യേകതയാണിത്ഫോട്ടോ എടുക്കുന്നതിനായി 20 വ്യത്യസ്തമായ സീന്‍ മോഡുകളാണ് കൂള്‍പിക്‌സ് എസ്6900 ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എടുത്ത ഫോട്ടോകള്‍ മികച്ചതാക്കാന്‍ 33 പോസ്റ്റ്-ഷോട്ട് ഇമേജ് എഫക്ടുകളുമുണ്ട്.
സ്‌കിന്‍ സോഫ്റ്റനിങ്, സോഫ്റ്റ്, വിവിഡ്‌നെസ്സ് തുടങ്ങി നിരവധി ഓപ്ഷനുകള്‍ നല്‍കുന്ന മോഡുകളാണ് ക്യാമറയിലുള്ളത്. ഫോട്ടോയുടെ പശ്ചാത്തലം 'ബ്ലര്‍' ആക്കി ചിത്രത്തിലെ മുഖങ്ങള്‍ ഹൈലൈറ്റ് ചെയ്യാനുള്ള ഓപ്ഷനുമുണ്ട്.
കൊളാഷ് സൃഷ്ടിക്കാനുള്ള സംവിധാനമാണ് നിക്കോണ്‍ ക്യാമറയിലെ മറ്റൊരു പ്രധാന സവിശേഷത. വ്യത്യസ്ത ഫോട്ടോകള്‍ ഒന്നിച്ചുചേര്‍ത്ത് ഫോട്ടോ നിര്‍മിക്കുന്നതിനുള്ള സംവിധാനമാണിത്. 9 സെല്‍ഫികള്‍ ഉപയോഗിച്ചുവരെ ഇത്തരത്തില്‍ കൊളാഷുകള്‍ നിര്‍മിക്കാനാകും.വീഡിയോ റെക്കോര്‍ഡിങ്ങിനുള്ള സൗകര്യവും എസ്6900 നല്‍കുന്നുണ്ട്. കണക്ടിവിറ്റിയ്ക്കായി വൈഫൈ, നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ (എന്‍എഫ്‌സി) എന്നിവയുമുണ്ട്.
പേഴ്‌സണല്‍ ഉപയോഗം ലക്ഷ്യമിട്ടാണ് നിക്കോണ്‍ കൂള്‍പിക്‌സ് ്രേശണിയില്‍ സെല്‍ഫി ക്യാമറ കൊണ്ടുവന്നിരിക്കുന്നത്. ആഘോഷങ്ങളിലും യാത്രകളിലും മറ്റും സംഘത്തിലൊരാള്‍ ഫോട്ടോഗ്രാഫറായി മാറി നില്‍ക്കാതെ തന്നെ മികച്ച ചിത്രങ്ങളെടുക്കാം എന്നതാണ് എസ്6900 കൊണ്ടുള്ള മെച്ചം.
20,000 രൂപയോളമാകും (249 യൂറോ) ഈ നിക്കോണ്‍ ക്യാമറയുടെ വില. സപ്തംബര്‍ 23 ന് ക്യാമറ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.
No comments:
Post a Comment