Friday, 26 September 2014

സാംസങ് ഗാലക്‌സി നോട്ട് 4 എത്തി; വക്ക് വളഞ്ഞ നോട്ട് എഡ്ജും





സാംസങിന്റെ പ്രീമിയം ഫാബ്‌ലറ്റായ 'ഗാലക്‌സി നോട്ട് 4' എത്തി. 5.7 ഇഞ്ച് സ്‌ക്രീന്‍ വലിപ്പമുള്ള ഈ ഫാബ്‌ലറ്റിനൊപ്പം, വക്ക് വളഞ്ഞ പുതിയൊരു ഗാലക്‌സി നോട്ട് മോഡലും സാംസങ് അവതരിപ്പിച്ചു. 'ഗാലക്‌സി നോട്ട് എഡ്ജ്' എന്നാണ് അതിന്റെ പേര്.

ജര്‍മനിയിലെ ബെര്‍ലിനില്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഫെയറായ ഐ.എഫ്.എ.യിലാണ് പുതിയ ഗാഡ്ജറ്റുകള്‍ സാംസങ് അവതരിപ്പിച്ചത്. ഗാലക്‌സി നോട്ട് 4 മായി പെയര്‍ ചെയ്യാന്‍ കഴിയുന്ന 'സാസംങ് ഗിയര്‍ വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റും' ഉണ്ട്.

ക്വാഡ്-എച്ച്ഡി ഡിസ്‌പ്ലേയുമായാണ് ഗാലക്‌സി നോട്ട് 4 ( Galaxy Note 4 ) എത്തുന്നത്. 2560 X 1440 പി റിസല്യൂഷനോടുകൂടിയ സൂപ്പര്‍ അമോലെഡ് സ്‌ക്രീന്‍, തീര്‍ച്ചയായും ആപ്പിളിന്റെ വലിപ്പംകൂടിയ ഐഫോണ്‍ 6 നോട് മത്സരിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് വ്യക്തം.

ഗാലക്‌സി നോട്ട് 3 യ്ക്കും സ്‌ക്രീന്‍ വലിപ്പം 5.7 ഇഞ്ച് തന്നെയായിരുന്നു. എന്നാല്‍, നോട്ട് 4 ല്‍ സ്‌ക്രീനിന്റെ പിക്‌സല്‍ സാന്ദ്രത കാര്യമായി വര്‍ധിച്ചിരിക്കുന്നു. നോട്ട് 3 യില്‍ പിക്‌സല്‍ സാന്ദ്രത 386 പിപിഐ ആയിരുന്നത്, നോട്ട് 4 ല്‍ 515 പിപിഐ ആയിരിക്കുന്നു. ഗൊറില്ല ഗ്ലാസ് 3 യുടെ സംരക്ഷണവും നോട്ട് 4 നുണ്ട്.

എന്നാല്‍, 'നോട്ട് എഡ്ജി'ന്റെ ( Galaxy Note Edge ) സ്‌ക്രീന്‍ വലിപ്പം 5.6 ഇഞ്ചാണ്. പേര് സൂചിപ്പിക്കും പോലെ, ഫോണിന്റെ വലതുവശത്തെ വക്ക് മടങ്ങിയതാണ്. കൂടുതല്‍ ഉപയോഗിക്കുന്ന ആപ്പുകളും, അലെര്‍ട്ടുകളും നോട്ടിഫിക്കേഷനുകളും മറ്റും സ്‌ക്രീനിന്റെ ആ മടങ്ങിയ ഭാഗത്ത് പ്രത്യക്ഷപ്പെടും. സ്രീന്‍ ലോക്ക് ചെയ്തിരിക്കുമ്പോള്‍ പോലും മടങ്ങിയ വക്കില്‍ ഇത്തരം സംഗതികള്‍ പ്രത്യക്ഷപ്പെടും.
നോട്ട് 3 യുടേത് മാതിരി രണ്ട് പ്രൊസസര്‍ മോഡലുകളായാണ് നോട്ട് 4 ഉം എത്തുന്നത്. 2.7 ജിഎച്ച്‌സെഡ് ക്വാഡ്-കോര്‍ പ്രൊസസര്‍ കരുത്തു പകരുന്നതാണ് ഒരു മോഡല്‍. രണ്ടാമത്തേത് 1.9 ജിഎച്ച്‌സെഡ് ഒക്ടാ-കോര്‍ പ്രൊസസറുള്ളതും. ഗാലക്‌സി നോട്ട് എഡ്ജില്‍ 2.7 ജിഎച്ച്‌സെഡ് ക്വാഡ്-കോര്‍ പ്രൊസസര്‍ ആണുള്ളത്.

രണ്ട് ഫോണുകളിലും 3 ജിബി ആണ് റാം. നോട്ട് 4 ന്റെ ഇന്റേണല്‍ മെമ്മറി 32 ജിബി ആണ്. എന്നാല്‍, നോട്ട് എഡ്ജിന് 32 ജിബി, 64 ജിബി വേര്‍ഷനുകളുണ്ട്. രണ്ട് ഫോണിലും 64 ജിബി വരെ സംഭരണശേഷിയുള്ള മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിക്കാം.

4ജി കണക്ടിവിറ്റിയുള്ള ഇരു ഫോണുകളും പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് പ്ലാറ്റ്‌ഫോമിലാണ്. സാംസങിന്റെ ടച്ച്‌വിസ് യുഐയും ( TouchWiz UI ) ഉണ്ട്.

16 മെഗാപിക്‌സല്‍ ക്യാമറയാണ് നോട്ട് 4 ലുള്ളത്. ക്യാമറ കുലുങ്ങിയാലും ഫോട്ടോകളുടെ വ്യക്തത അല്‍പ്പവും ചോര്‍ന്നുപോകാത്ത വിധത്തില്‍ 'സ്മാര്‍ട്ട് ഓപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസര്‍' ( OIS ) ഫീച്ചറും ഉണ്ട്. 120 ഡിഗ്രി വരെ വൈഡ് ആംഗിള്‍ ഷൂട്ടിങ് സാധ്യമാകും വിധമുള്ള 3.7 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയുമുണ്ട്. ഇത് ഗ്രൂപ്പ് സെല്‍ഫികള്‍ക്ക് കൂടുതല്‍ അനുയോജ്യമാണ്. നോട്ട് എഡ്ജ് ഫോണിലും ഇതേ ക്യാമറ തന്നെയാണുള്ളത്.
ഗാലക്‌സി നോട്ട് 4 ലില്‍ ലി-അയണ്‍ 3,220 എംഎഎച്ച് ബാറ്ററിയാണുള്ളത്. ഫാസ്റ്റ് ചാര്‍ജിങ് ഫിച്ചറോടുകൂടിയ ബാറ്ററിയാണിത്. ഇതേ ഫീച്ചറുള്ളത് തന്നെയാണ് നോട്ട് എഡ്ജിലുള്ളതെങ്കിലും, ബാറ്ററി ശേഷി 3000 എംഎഎച്ച് മാത്രമാണ്.

ഗാലക്‌സി നോട്ട് 4 ലും നോട്ട് എഡ്ജിലുമുള്ള 'എസ്-പെന്‍' ( S-Pen ), മുന്‍ നോട്ടിലുള്ളതിലും മികച്ചതാണ്. കൂടുതല്‍ യൂസര്‍ ഫ്രണ്ട്‌ലി ഫീച്ചറുകള്‍ അതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതായി സാംസങ് പറയുന്നു. വിരലടയാള സ്‌കാനര്‍ ( Fingerprint scanner ), ഹാര്‍ട്ട്‌റേറ്റ് മോണിറ്റര്‍ ( Heartrate monitor ) എന്നിവയും നോട്ട് 4 ലും, നോട്ട് എഡ്ജിലുമുണ്ട്.

ഇന്ത്യയില്‍ ഈ ഫാബ്‌ലറ്റുകളുടെ വില എത്രയാകുമെന്ന് സാംസങ് സൂചന നല്‍കിയിട്ടില്ല. കുറഞ്ഞത് 50,000 രൂപയെങ്കിലും പ്രതീക്ഷിക്കാമെന്ന് നിരീക്ഷകര്‍ പറയുന്നു (ചിത്രങ്ങള്‍ : AP )



No comments:

Post a Comment