Friday, 26 September 2014

തരംഗം സൃഷ്ടിക്കാന്‍ ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് വണ്‍ എത്തി


ലോകത്തിലെ ആദ്യത്തെ ആന്‍ഡ്രോയ്ഡ് വണ്‍ ഫോണുകള്‍ ഇന്ത്യയില്‍ പുറത്തിറക്കി. ഇന്ത്യന്‍ കമ്പനികളായ മൈക്രോമാക്‌സ്, കാര്‍ബണ്‍, സ്‌പൈസ് എന്നിവയുടെമായി ചേര്‍ന്നാണ് ഗൂഗിള്‍ ആന്‍േഡ്രായ്ഡ് വണ്‍ ഫോണുകള്‍ പുറത്തിറക്കിയിരിക്കുന്നത്.

മൈക്രോമാക്‌സ് ക്യാന്‍വാസ് എ1, കാര്‍ബണ്‍ സ്പാര്‍ക്കിള്‍ വി, സ്‌പൈസ് ഡ്രീം യൂനോ എന്നിവയാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന ഫോണുകള്‍. 6,399 രൂപ (105 ഡോളര്‍) ആണ് ഫോണുകളുടെ വില.

കുറഞ്ഞ വിലയ്ക്ക് മികച്ച സവിശേഷതകളുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗൂഗിള്‍ നേരിട്ട് ഫോണുകള്‍ പുറത്തിറക്കുന്ന സംരംഭമായ ആന്‍ഡ്രോയ്ഡ് വണ്‍ ആരംഭിച്ചിരിക്കുന്നത്.

ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് പതിപ്പുമായാണ് ആന്‍േഡ്രായ്ഡ് വണ്‍ ഫോണുകള്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. ആകര്‍ഷകമായ ഡിസൈന്‍, ദീര്‍ഘമായ ബാറ്ററി ലൈഫ്, കരുത്തുറ്റ് സുരക്ഷാ സവിശേഷതകള്‍, മികച്ച നോട്ടിഫിക്കേഷനുകള്‍ എന്നിവയാണ് ആന്‍ഡ്രോയ്ഡ് വണ്‍ ഫോണുകളുടെ പ്രധാന സവിശേഷതകളായ ഗൂഗിള്‍ അവകാശപ്പെടുന്നത്.

സമാനമായ സവിശേഷതകളുമായാണ് മൂന്ന് ആന്‍ഡ്രോയ്ഡ് വണ്‍ ഫോണുകളും എത്തിയിരിക്കുന്നത്. 4.5 ഇഞ്ച് ഐപിഎസ് എഫ്ഡബ്ല്യുവിജിഎ ഡിസ്‌പ്ലേ, 1.3 ജിഗാഹെര്‍ട്‌സ് ക്വാഡ്-കോര്‍ മീഡിയടെക് പ്രൊസസ്സര്‍, 1 ജിബി റാം, 4 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്, എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 32 ജിബി വരെ ഉയര്‍ത്താവുന്ന എക്‌സ്‌റ്റേണല്‍ സ്‌റ്റോറേജ് എന്നീ സവിശേഷതകള്‍ ഫോണുകള്‍ക്കുണ്ട്.
എല്‍ഇഡി ഫ്‌ലാഷോടു കൂടിയ 5 മെഗാപിക്‌സല്‍ ക്യാമറയുള്ള ആന്‍ഡ്രോയ്ഡ് വണ്‍ ഫോണുകള്‍ക്ക് 2 മെഗാപിക്‌സല്‍ മുന്‍ ക്യാമറയാണുള്ളത്. കണക്ടിവിറ്റിയ്ക്കായി വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ, ജിപിആര്‍എസ്-എഡ്ജ്, 3ജി സവിശേഷതകളുണ്ട്. 1700 എംഎച്ച് ബാറ്ററിയാകും ഫോണുകള്‍ക്ക് ഊര്‍ജം പകരുക. എല്ലാ ഫോണുകളും ഡ്യുവല്‍ സിം സവിശേഷതയുള്ളവയാണ്.

ഗൂഗിളിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ മികച്ച സ്‌പെസിഫിക്കേഷനുകളുമായി കുറഞ്ഞ വിലയില്‍ എത്തുന്ന ഫോണുകള്‍ വിപണിയില്‍ തരംഗം സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്. ജിമെയില്‍, ഗൂഗിള്‍ മാപ്പ്‌സ്, യൂട്യൂബ്, ഗൂഗിള്‍ സെര്‍ച്ച് , ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റ് തുടങ്ങിയ ഗൂഗിള്‍ ആപ്ലിക്കേഷനുകള്‍ ആന്‍ഡ്രോയ്ഡ് വണ്ണില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നു.

എയര്‍ടെല്ലുമായി ചേര്‍ന്ന് ഉപയോക്താക്കള്‍ക്കായി ഡാറ്റ ഉപയോഗത്തിനും മറ്റും പ്രത്യേക ഓഫറും ഗൂഗിള്‍ അവതരിപ്പിച്ചിട്ടുണ്ട്. യൂട്യൂബില്‍ ഓഫ്‌ലൈന്‍ വീഡിയോകള്‍ എന്ന സംവിധാനവും ഗൂഗിള്‍ ലോഞ്ചിങ് ചടങ്ങില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഫോണുകള്‍ ഇന്നു മുതല്‍ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ ലഭ്യമായി തുടങ്ങും. എന്നാല്‍ ഒക്‌ടോബറിലേ ആന്‍ഡ്രോയ്ഡ് വണ്‍ ഷോപ്പുകള്‍ വഴി ലഭ്യമായി തുടങ്ങൂ.

ലോകത്തിലെ ഏറ്റവും വളര്‍ച്ചയുള്ള സ്മാര്‍ട്ട്‌ഫോണ്‍ വിപണി എന്ന നിലയിലാണ് ഗൂഗിള്‍, ഇന്ത്യയെ ആന്‍ഡ്രോയ്ഡ് വണ്‍ പുറത്തിറക്കാന്‍ തിരഞ്ഞെത്തിരിക്കുന്നത്. എല്ലാവര്‍ക്കും സ്മാര്‍ട്ട്‌ഫോണ്‍ എന്ന ലക്ഷ്യത്തോടെയാണ് ആന്‍ഡ്രോയ്ഡ് വണ്‍ എത്തിയിരിക്കുന്നത്. ഫിലിപ്പീന്‍സ്, ഇന്തൊനേഷ്യ എന്നീ രാജ്യങ്ങളിലും മറ്റു ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലും ആനഡ്രോയ്ഡ് വണ്‍ ഉടനെ പുറത്തിറക്കുമെന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.


No comments:

Post a Comment