Friday 26 September 2014

ലോകത്തെ ഏറ്റവും ഭയാനകമായ സെല്‍ഫി'ക്ക് യുട്യൂബില്‍ ആരാധകര്‍ ഏറുന്നു



'സെല്‍ഫി'യാണ് ഇപ്പോള്‍ താരം. മനുഷ്യനെടുത്തത് മാത്രമല്ല, ആള്‍ക്കുരങ്ങ് എടുത്ത സെല്‍ഫി പോലും വാര്‍ത്തയാകുന്നു, വിവാദമാകുന്നു. 'സെല്‍ഫിയെടുത്തവര്‍ സെല്‍ഫിയാല്‍' എന്ന മട്ടില്‍ പലരും സെല്‍ഫിയുടെ രക്തസാക്ഷിയാകുന്നു.

മൂര്‍ഖന്‍ പാമ്പിന്റെയൊപ്പം സെല്‍ഫിയെടുത്ത യുവതി, പാമ്പിന്റെ കടിയേറ്റ് അത്യാസന്ന നിലയില്‍ ആസ്പത്രിയിലായ വാര്‍ത്ത അടുത്തയിടെയാണ് കേട്ടത്. തോക്ക് സ്വയംചൂണ്ടി സെല്‍ഫിയെടുക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി ആള് മരിച്ച വാര്‍ത്തയും കഴിഞ്ഞ ദിവസം കേട്ടു. റഷ്യയിലെ ഒരു അധ്യാപകയുടെ നഗ്നസെല്‍ഫി കണ്ട് വിദ്യാര്‍ഥികളും നാട്ടുകാരും നടുങ്ങിയതും അടുത്തയിടെയാണ്.

അതിനിടെ, 'World's scariest selfie' എന്ന വിശേഷണത്തോടെ ഒരു സെല്‍ഫി യുട്യൂബില്‍ എത്തിയിരിക്കുന്നു. ഹോങ്കോങില്‍ അംബരചുംബിയായ ഒരു കെട്ടിടത്തിന്റെ മുകളില്‍നിന്നെടുത്ത ഈ സെല്‍ഫി കാണുന്നയാളുടെ നട്ടെല്ലിലൂടെ തണുപ്പ് അരിച്ചുകയറുമെന്നതില്‍ സംശയം വേണ്ട.

വിദ്യാര്‍ഥിയായ ദാനിയേല്‍ ലാവും രണ്ട് സുഹൃത്തുക്കളുമാണ് സെല്‍ഫിയിലുള്ളത്. കെട്ടിടത്തിന്റെ മുകളറ്റത്ത് കയറിയിരുന്ന് വാഴപ്പഴം തിന്നുന്ന വിദ്യാര്‍ഥികളാണ് വീഡിയോയിലുള്ളത്. യുട്യൂബില്‍ ഇതിനകം 214,131 തവണ ഈ വീഡിയോ പ്ലേ ചെയ്തുകഴിഞ്ഞു.

ഒരു 'സെല്‍ഫി സ്റ്റിക്ക്' ( selfie stick ) ഉപയോഗിച്ചാണ് ഈ ഫൂട്ടേജ് എടുത്തത്. ലാവുവിനെ കൂടാതെ, ആന്‍ഡ്രൂ ടിസോ, എ.എസ്.എന്നിവരെയും ദൃശ്യത്തില്‍ കാണാം. ഹോങ്കോങിലെ അഞ്ചാമത്തെ പൊക്കമേറിയ കെട്ടിടത്തിന്റെ മുകളില്‍നിന്നാണ് ഈ സെല്‍ഫി പകര്‍ത്തിയതെന്ന് യുട്യൂബ് വീഡിയോയിലെ വിവരണത്തില്‍ കാണാം.

No comments:

Post a Comment