Friday 26 September 2014

4k LED TV ദൃശ്യമിഴിവിന് പുത്തന്‍ നിര്‍വചനവുമായി എല്‍ജിയുടെ 4കെ ടിവി


ടെലിവിഷന്‍ രംഗത്തെ സാങ്കേതിക വിപ്ലവത്തിന് പുതിയ മാനം നല്‍കിക്കൊണ്ട് എല്‍ജി എത്തുന്നു. നിലവില്‍ ലഭ്യമായ ഏറ്റവും മികച്ച 4കെ, ഒഎല്‍ഇഡി സാങ്കേതികവിദ്യകള്‍ സംയോജിപ്പിച്ചാണ് എല്‍ജി തങ്ങളുടെ പുതിയ ടെലിവിഷനുകള്‍ പുറത്തിറക്കുന്നത്. ഇപ്പോഴുള്ള ഏറ്റവും മികച്ച അള്‍ട്രാ ഹൈ ഡെഫിനിഷന്‍ ടെലിവിഷനേക്കാള്‍ പതിന്‍മടങ്ങ് ദൃശ്യ ഗുണമേന്‍മ നല്‍കുന്നതായിരിക്കും എല്‍ജിയുടെ പുതിയ മോഡലുകള്‍.

77ഇജി9700 ( 77 ഇഞ്ച് ), 65ഇസി9700 (65 ഇഞ്ച്) എന്നീ മോഡലുകളാണ് എല്‍ജി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എല്‍ജിയുടെ 4കെ ഒഎല്‍ഇഡി ടിവി സാങ്കേതിക നേട്ടത്തിന്റെ ഏറ്റവും മികച്ച ഉല്‍പന്നമാണ്, അടുത്ത തലമുറയിലെ ടെലിവിഷനുകളിലേക്കുള്ള മാറ്റത്തിന് ഇവയാകും മാതൃകയാവുക- എല്‍ജി പ്രസിഡന്റും സിഇഒയുമായ ഹ്യൂന്‍-ഹ്വൊയ് ഹാ പറഞ്ഞു.

എല്‍ഇഡിയുടെ വികാസത്തിലൂടെയാണ് ഒഎല്‍ഇഡി (ഓര്‍ഗാനിക് ലൈറ്റ് എമിറ്റിങ് ഡയോഡ്) സാധ്യമായത്. സ്മാര്‍ട്ട്‌ഫോണുകളിലും മറ്റും ഉപയോഗിക്കുന്ന ഒഎല്‍ഇഡി സ്‌ക്രീനുകള്‍ എച്ച്ഡിടിവികളിലും ഉപയോഗിക്കുന്നുണ്ട്. ബാക്ക് ലൈറ്റ് ആവശ്യമില്ലെന്നതിനാല്‍ കറുപ്പ് നിറത്തെ കൂടുതല്‍ വ്യക്തതയോടെ പ്രതിഫലിപ്പിക്കാനാകും എന്നതാണ് ഇവയുടെ പ്രത്യേകത.

കറുപ്പ് നിറത്തിന്റെ വ്യക്തതയിലൂടെയാണ് ഒരു സ്‌ക്രീനിന്റെ നിലവാരം നിശ്ചയിക്കുന്നത്. അതുകൊണ്ടു തന്നെ എല്‍സിഡി, പ്ലാസ്മ സ്‌ക്രീനുകളേക്കാള്‍ മികച്ചവയായി കണക്കാക്കുന്നത് ഒഎല്‍ഇഡി സ്‌ക്രീനുകളെയാണ്. കൂടാതെ പരമ്പരാഗതമായ ആര്‍ജിബി (റെഡ്, ഗ്രീന്‍, ബ്ലൂ) നിറങ്ങളുടെ ത്രീ കളര്‍ പിക്‌സലിനു പകരം ഒഎല്‍ഇഡി സ്‌ക്രീനുകളില്‍ ഡബ്ലുആര്‍ജിബി (വൈറ്റ്, റെഡ്, ഗ്രീന്‍, ബ്ലൂ) എന്ന ഫോര്‍ കളര്‍ പിക്‌സല്‍ ആണെന്നതിനാല്‍ സ്‌ക്രീനിന്റെ തെളിമയില്‍ കാര്യമായ വ്യത്യാസമുണ്ടാകും.
പല കമ്പനികളും ഒഎല്‍ഇഡി സ്‌ക്രീനുകളോടെ തങ്ങളുടെ ഹൈ ഡെഫിനിഷന്‍ ടിവികള്‍ എത്തിക്കുന്നുണ്ട്. എന്നാല്‍ ഇതോടൊപ്പം 4കെ സാങ്കേതികവിദ്യ കൂടി സംയോജിപ്പിക്കുന്നു എന്നതാണ് എല്‍ജി പ്രഖ്യാപിച്ചിരിക്കുന്ന പുതിയ മോഡലുകളെ ഇലക്‌ട്രോണിക് ലോകത്തെ ചര്‍ച്ചയാക്കുന്നത്.

അള്‍ട്രാ എച്ച്ഡി ടിവികളില്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണ് 4കെ. 4000 പിക്‌സല്‍ ഉള്ള സ്‌ക്രീനുകളാകും ഇവ. എച്ച്ഡി, ഫുള്‍ എച്ച്ഡി സ്‌ക്രീനുകളുടെ വെര്‍ട്ടിക്കല്‍ റിസൊല്യൂഷന്‍ 720പി മുതല്‍ 1080പി വരെ ആയിരിക്കുമ്പോള്‍ 4കെ യില്‍ ഇത് 2160പി ആണ്.

അകലത്തില്‍ ഇരിക്കുന്നവര്‍ക്കു പോലും ദൃശ്യങ്ങളുടെ ഓരോ വിശദാംശങ്ങളും വ്യക്തമായി കാണിക്കാന്‍ ഇൗ സാങ്കേതികവിദ്യ സഹായിക്കുന്നെന്ന് സാങ്കേതിക വിദഗ്ധനായ ജ്യോഫെറി മോറിസണ്‍ വ്യക്തമാക്കുന്നു.

വിപണി ഇന്നുവരെ കണ്ടതില്‍ വച്ചേറ്റവും മികച്ച ദൃശ്യാനുഭവവുമായാണ് 4കെ ഒഎല്‍ഇഡി എത്തുന്നതെങ്കിലും, ഇതിന്റെ വില എത്രയായിരിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ആദ്യഘട്ടത്തില്‍ വലിയ വിലയുമായാകും എത്തുന്നതെങ്കിലും മറ്റു കമ്പനികള്‍ കൂടി രംഗത്തെത്തുന്നതോടെ മത്സരം മുറുകുകയും വിലയില്‍ കാര്യമായ കുറവുണ്ടാകുകയും ചെയ്യുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

കഴിഞ്ഞ വര്‍ഷം ലാസ്‌വേഗാസില്‍ നടന്ന കണ്‍സ്യുമര്‍ ഇലക്‌ട്രോണിക് ഷോയില്‍ സോണിയും പാനസോണികും ഇത്തരം സ്‌ക്രീനുകളുടെ മാതൃകകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ ഇവര്‍ ഇത്തരം ടെലിവിഷനുകള്‍ വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിച്ചു തുടങ്ങിയിട്ടില്ല. എല്‍ജിയുടെ പ്രഖ്യാപനം വന്നതോടെ മറ്റു കമ്പനികളും പുതിയ സാങ്കേതികവിദ്യയുമായി രംഗത്തെത്തുമെന്നാണ് കരുതപ്പെടുന്നത്. ഈ വര്‍ഷം അവസാനത്തോടെ എല്‍ജി 4കെ ഒഎല്‍ഇഡി ടെലിവിഷനുകള്‍ വിപണിയിലെത്തും

No comments:

Post a Comment