Friday 26 September 2014

വളയുന്ന ഐഫോണ്‍ 6; വിശദീകരണവുമായി ആപ്പിള്‍


ന്യൂയോര്‍ക്ക്: പുതിയ ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ് എന്നിവ പോക്കറ്റിലിട്ടാല്‍ വളഞ്ഞു പോകുന്നത് അപൂര്‍വ്വമെന്ന് ആപ്പിള്‍. പാന്റ്‌സിന്റെ പോക്കറ്റില്‍ സൂക്ഷിച്ച ഐഫോണ്‍ 6 വളഞ്ഞുപോകുന്നതായി ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ആപ്പിളിന്റെ ഔദ്യോഗിക പ്രതികരണം.

യൂട്യൂബിലും സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലും ഐഫോണ്‍ 6 ന്റെ വളവ് വന്‍ചര്‍ച്ചയായിരുന്നു. ചിത്രങ്ങളും വീഡിയോയും സഹിതം മാധ്യമങ്ങളും ഇക്കാര്യം വ്യാപകമായി റിപ്പോര്‍ട്ടു ചെയ്തു.

ആദ്യത്തെ ആറുദിവസത്തിനുള്ളില്‍ ഒമ്പതു പേര്‍ മാത്രമേ ഐഫോണ്‍ 6 പ്ലസ് വളഞ്ഞുവെന്ന പരാതിയുമായി കമ്പനിയെ സമീപിച്ചിട്ടുള്ളൂവെന്ന് ആപ്പിള്‍ അറിയിച്ചു. റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ ആപ്പിളിന്റെ ഓഹരിവില ഇടിയാന്‍ കാരണമായിരുന്നു.

വലിയ സ്‌ക്രീനുള്ള മെലിഞ്ഞ സ്മാര്‍ട്ട് ഫോണാണ് ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ്സ് എന്നിവ. ഇതില്‍ കൂടുതല്‍ വലിയ സ്‌ക്രീനുള്ള ഐഫോണ്‍ 6 പ്ലസ് വളഞ്ഞുപോകുന്നതായാണ് പരാതി. എക്കാലത്തേയും കരുത്തുറ്റ ഫോണാണ് ഐഫോണ്‍ 6 എന്ന് ഒരു ഇന്‍ഷുറന്‍സ് കമ്പനി സാക്ഷ്യപ്പെടുത്തിയതിനു പിന്നാലെയാണ് ഈ ആരോപണം പുറത്തുവന്നത്.

കരുത്തുള്ള അനോഡൈസ്ഡ് അലൂമിനിയം ഉപയോഗിച്ചാണ് ഫോണിന്റെ പിന്‍കവര്‍ നിര്‍മ്മിച്ചിരിക്കുന്നത്. മറ്റുഭാഗങ്ങള്‍ നിര്‍മിക്കാന്‍ ഉന്നത നിലവാരമുള്ള സ്റ്റെയിന്‍ലെസ് സ്റ്റീലും ടൈറ്റാനിയവുമാണ് ഉപയോഗിച്ചിരിക്കുന്നത്. നിര്‍മ്മാണത്തിന്റെ എല്ലാ ഘട്ടങ്ങളിലും പരിശോധനയും നടത്തുന്നുണ്ട്.

ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ് എന്നിവ തങ്ങളുടെ മറ്റ് ഉല്‍പ്പന്നങ്ങളേപോലെതന്നെ ഉന്നത നിലവാരമുള്ളതാണെന്ന് ആപ്പിള്‍ അവകാശപ്പെട്ടു. ഐഫോണ്‍ പോക്കറ്റിലിട്ട് ഇരിക്കുമ്പോള്‍ കേടുപാടുകള്‍ സംഭവിക്കുമോ എന്നു പരിശോധിക്കുന്ന 'സിറ്റ് ടെസ്റ്റും 'ടോര്‍ഷന്‍ ടെസ്റ്റും നടത്തി വിജയിച്ചതാണെന്നും അവര്‍ പറഞ്ഞു.

ഐഫോണ്‍ വളഞ്ഞതായുള്ള സംഭവങ്ങളിലൊന്നും അതിന്റ് ഡിസ്‌പ്ലേക്ക് കുഴപ്പമുണ്ടായതായി റിപ്പോര്‍ട്ടില്ല. വളഞ്ഞുപോകുന്നുവെന്ന് പരാതിയുള്ള ആദ്യ ഫോണല്ല ഐഫോണ്‍ 6. അഞ്ചിഞ്ച് സ്‌ക്രീനും മെറ്റല്‍ ഫ്രെയിമുമുള്ള സോണി എക്‌സ്പീരിയ സെഡ്1 നെക്കുറിച്ച് വ്യാപകമായ ആരോപണമുണ്ടായിരുന്നു. സാംസങ് ഗ്യാലക്‌സി എസ് 4 നും ബ്ലാക്ക്‌ബെറി Q0 യ്ക്കും ഇതേ പ്രശ്‌നമുള്ളതായി പരാതി ഉയര്‍ന്നിരുന്നു.


No comments:

Post a Comment