Friday 26 September 2014

......ഭാവിയുടെ ക്ലാസ്സ്മുറികള്‍......

അന്താരാഷ്ട്ര യൂണിവേഴ്‌സിറ്റികളുടെ പാഠ്യപദ്ധതി, വിദഗ്ധരായ അധ്യാപകര്‍, ആഗോള നിലവാരത്തിലുള്ള പഠനം, താല്‍പര്യത്തിനിണങ്ങിയ കോഴ്‌സുകള്‍, കുറഞ്ഞ ഫീസ് നിരക്കുകള്‍- ഇതിനെല്ലാം വേണ്ടതോ, ഒരു കമ്പ്യൂട്ടറും ഇന്റര്‍നെറ്റ് കണക്ഷനും മാത്രവും.

'മസീവ് ഓണ്‍ലൈന്‍ ഓപ്പണ്‍ കോഴ്‌സു' ( MOOC - മൂക്) കളുടെ കാര്യമാണ് പറഞ്ഞുവരുന്നത്. ലോകത്താകമാനമുള്ള ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച സേവനം നല്‍കി നാളെയുടെ പഠനോപാധിയായി മാറുകയാണ് 'മൂക്'.

സാധാരണ ഓണ്‍ലൈന്‍ കോഴ്‌സുകളെപോലെ തട്ടിപ്പില്‍പെടുമെന്നോ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് മൂല്യമുണ്ടാകില്ലെന്നോ 'മൂകി'ല്‍ പേടിക്കേണ്ടതില്ല. ലോകത്തെതന്നെ എണ്ണം പറഞ്ഞ യൂണിവേഴ്‌സിറ്റികളുമായുള്ള സഹകരണത്തോടെയാണ് സൈറ്റുകള്‍ വ്യത്യസ്ത കോഴ്‌സുകള്‍ വാഗ്ദാനം ചെയ്യുന്നത്. ഇവയില്‍ തങ്ങള്‍ക്ക് അനുയോജ്യമായവ അംഗീകൃത സൈറ്റുകളില്‍ നിന്നുതന്നെ തെരഞ്ഞെടുക്കണമെന്നു മാത്രം.

ഓണ്‍ലൈന്‍ കോഴ്‌സുകള്‍ക്കായി വലിയ ഫീസ് ഈടാക്കി നിശ്ചിത എണ്ണം വിദ്യാര്‍ത്ഥികള്‍ക്കു മാത്രം പ്രവേശനം നല്‍കുമ്പോള്‍, 'മൂക്' സൗജന്യമായോ കുറഞ്ഞ ഫീസ് നിരക്കിലോ ഒരു വലിയ വിദ്യാര്‍ത്ഥിസമൂഹത്തിന് അധ്യാപനം നടത്തുന്നു.

ലോകത്തിന്റെ ഏതു കോണിലുള്ള വിദ്യാര്‍ത്ഥിക്കും തനിക്ക് താല്‍പര്യമുള്ള വിഷയത്തില്‍ മികച്ച യൂണിവേഴ്‌സിറ്റിയുടെ കോഴ്‌സ്, കുറഞ്ഞ ചെലവില്‍ പഠിക്കാനാകും എന്നതാണ് 'മൂക്' മുന്നോട്ടുവെയ്ക്കുന്ന സാധ്യത. ലോകത്തെ പ്രമുഖ ഓണ്‍ലൈന്‍ ഓപ്പണ്‍ കോഴ്‌സുകള്‍ തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യമായി ഉയര്‍ത്തിക്കാണിക്കുന്നതും ഇതു തന്നെ.

ലോകത്തെ നിരവധി യൂണിവേഴ്‌സിറ്റികളുമായി ചേര്‍ന്ന് വൈവിധ്യപൂര്‍ണ്ണമായ കോഴ്‌സുകള്‍ ഇവര്‍ നല്‍കുന്നുണ്ട്. എഡ്എക്‌സ് ( edX ), ഖാന്‍ അക്കാഡമി ( Khans Academy ), ഉഡെമി ( Udemy ), കോഴ്‌സെര ( Coursera ), ഉഡാസിറ്റി ( Udactiy ) തുടങ്ങിയവ ഇതില്‍ പ്രമുഖമായ ചിലതാണ്. ഇവ ഹാവാര്‍ഡ് യുണിവേഴ്‌സിറ്റി മുതല്‍ മുംബൈ ഐഐടി വരെയുള്ള ലോകപ്രശസ്ത ഇസ്റ്റിറ്റിയൂട്ടുകളില്‍ നിന്നുള്ള കോഴ്‌സുകള്‍ നല്‍കുന്നു.

'നാലു വര്‍ഷം മുമ്പ് 'മൂക്' എന്നൊന്ന് ഉണ്ടായിരുന്നില്ല, ഇപ്പോഴവ ആയിരക്കണക്കിനാണ്' - ഉഡെമിയുടെ മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്റായ ദിനേശ് തിരു പറയുന്നു. 'പത്ത് വ്യത്യസ്ത ഭാഷകളിലായി 16,000-ല്‍ ഏറെ കോഴ്‌സുകളാണ് ഉഡെമി നല്‍കുന്നത്. ലോകത്തെ 190 രാജ്യങ്ങളില്‍ ഈ കോഴ്‌സുകള്‍ ലഭ്യമാണ്. ഇന്ത്യാ ചരിത്രത്തിലെ 90 മിനുട്ട് ക്രാഷ് കോഴ്‌സുകള്‍ മുതല്‍ മാസങ്ങള്‍ നീളുന്ന കോഴ്‌സുകള്‍ വരെ ഉഡെമി നല്‍കുന്നുണ്ട്'.

മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ( MIT ) യുമായി ചേര്‍ന്ന് ഹാവാര്‍ഡ് ആരംഭിച്ച ലാഭരഹിത സംരംഭമാണ് എഡ്എക്‌സ്. ലോകത്തെ ഏറ്റവും വലിയ മസീവ് ഓണ്‍ലൈന്‍ ഓപ്പണ്‍ കോഴ്‌സുകില്‍ ഒന്നായ എഡ്എക്‌സ്, 180 കോഴ്‌സുകളാണ് വാഗ്ദാനം ചെയ്യുന്നത്. ന്യൂയോര്‍ക്കിലെ കൊളംബിയ യുണിവേഴ്‌സിറ്റി, കാനഡയിലെ ടോറന്റോ യൂണിവേഴ്‌സിറ്റി, ഐഐടി മുംബൈ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുമായി ചേര്‍ന്നുള്ള കോഴ്‌സുകള്‍ എഡ്എക്‌സ് നല്‍കുന്നുണ്ട്. ഇംഗ്ലീഷാണ് മിക്കവാറും കോഴ്‌സുകളുടെ പഠനമാധ്യമം.

കാലിഫോര്‍ണിയയില്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ രണ്ടു പ്രൊഫസര്‍മാര്‍ ചേര്‍ന്ന് ആരംഭിച്ച സംരംഭമാണ് കോഴ്‌സെര. മറ്റുള്ളവയില്‍നിന്ന് വ്യത്യസ്തമായി ലാഭത്തിന്റെ അടിസ്ഥാനത്തിലാണ് കോഴ്‌സെര പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, സൈബര്‍ സെക്യൂരിറ്റി മുതല്‍ ഗ്ലോബല്‍ അഫയേഴ്‌സ് വരെ വൈവിധ്യപൂര്‍ണ്ണമായ സൗജന്യ കോഴ്‌സുകളും ഈ എംഒഒസിയില്‍ ഉണ്ട്. യേല്‍ യൂണിവേഴ്‌സിറ്റി, പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റി തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുമായി ചേര്‍ന്ന് നാന്നൂറിലേറെ കോഴ്‌സുകള്‍ കോഴ്‌സര നല്‍കുന്നു.

ഇന്ത്യന്‍ വംശജനായ സല്‍മാന്‍ ഖാന്‍ 2006 ല്‍ സ്ഥാപിച്ച ഇ-ലേണിംഗ് വെബ്‌സൈറ്റായ ഖാന്‍ അക്കാഡമിയും ഇന്ന് അറിയപ്പെടുന്ന ഒരു മൂക് ആണ്്. ഖാന്‍ അക്കാഡമിയുടെ വെബ്‌സൈറ്റ് തങ്ങള്‍ക്ക് ഏറെ പ്രചോദനമായിട്ടുണ്ടെന്ന് ഉഡെമി വൈസ് പ്രസഡന്റ് ദിനേഷ് തിരു വെളിപ്പെടുത്തുന്നു. ലളിതമായ ക്ലാസ്സുകളും യുട്യൂബ് വീഡിയോകളും പതിനായിരക്കണക്കിന് പ്രാക്ടിക്കല്‍ പ്രക്രിയകളുമായി ഗണിതത്തിലെ സങ്കീര്‍ണ്ണമായ ഭാഗങ്ങള്‍ പോലും വിദ്യാര്‍ത്ഥികള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാകുന്ന രീതിയില്‍ അവതരിപ്പിച്ച ഖാന്‍ അക്കാഡമി മറ്റ് സൈറ്റുകള്‍ക്കും മാതൃകയായി. നിലവില്‍ പ്രതിമാസം ഒരു കോടിയോളം വിദ്യാര്‍ത്ഥികളാണ് ഖാനില്‍ സന്ദര്‍ശകരായുള്ളത്.

വിദ്യാര്‍ത്ഥികള്‍ക്ക് ഫലപ്രദമായി ക്ലാസ്സുകള്‍ പകര്‍ന്നു നല്‍കാനാകുമോ എന്നതായിരുന്നു 'മൂകു'കളെ സംബന്ധിച്ച് ഉയര്‍ന്നിരുന്ന പ്രധാന സംശയം. എന്നാല്‍ ഖാന്‍ അക്കാഡമി പോലുള്ള ഇ-ലേണിംഗ് സൈറ്റുകള്‍ ഈ ആശങ്കകള്‍ അസ്ഥാനത്താണെന്ന് തെളിയിച്ചു.

ഓരോ രംഗത്തേയും പ്രമുഖര്‍ ഏറ്റവും മികച്ച രീതിയില്‍ ലളിതമായി ആശയങ്ങള്‍ കൈമാറുന്നു എന്നതാണ് ഇത്തരം സൈറ്റുകളുടെ മെച്ചം. അധ്യാപകരോടും സഹപാഠികളോടുമുള്ള ആശയവിനിമയം, എക്‌സര്‍സൈസുകള്‍, വീഡിയോകള്‍, അസ്സസ്സ്‌മെന്റുകള്‍, ഇന്ററാക്ടീവ് ക്വിസ്സുകള്‍ തുടങ്ങി ക്രിയാത്മകമായ ഒട്ടേറെ വിനിമയോപാധികളിലൂടെയാണ് 'മൂകു'കള്‍ ആശയസംവേദനം സാധ്യമാക്കുന്നത്. താല്‍പര്യമുള്ള വിദ്യാര്‍ത്ഥിക്ക് മുഖാമുഖമുള്ള ഏതൊരു ക്ലാസ്സിനോടും കിടപിടിക്കുന്ന രീതിയില്‍ ആശയങ്ങള്‍ നല്‍കാന്‍ ഇ-ലേണിംഗ് വഴി സാധിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

 ഓണ്‍ലൈന്‍ പഠനത്തില്‍ വീഡിയോകള്‍ വഴിയും ഇന്ററാക്ടീവ് എക്‌സസൈസുകള്‍ വഴിയും പഠന സാമഗ്രികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് എത്തിക്കുക എളുപ്പമാണെന്ന് എഡ്എക്‌സ് സിഇഒ ആനന്ദ് അഗര്‍വാള്‍ പറയുന്നു. ഉന്നത നിലവാരത്തിലുള്ള ഓണ്‍ലൈന്‍ സാമഗ്രികള്‍ വഴി പഠനം അനായാസമാക്കുന്നെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്റര്‍നെറ്റ് യുഗത്തില്‍ വളര്‍ന്നുവരുന്ന തലമുറയ്ക്ക് ഓണ്‍ലൈന്‍ വഴി കാര്യങ്ങള്‍ ചെയ്യുന്നതിലാണ് കൂടുതല്‍ താല്‍പര്യമെന്നും അവര്‍ക്കിത് എളുപ്പത്തില്‍ ഗ്രഹിക്കാനാകുമെന്നും ആനന്ദ് അഗര്‍വാള്‍ ഓര്‍മിപ്പിക്കുന്നു.

എന്നാല്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുമായി ഒരേസമയം സംവദിക്കേണ്ടി വരുമ്പോഴുള്ള പ്രശ്‌നങ്ങള്‍ ഇത്തരം ഓണ്‍ലൈന്‍ കോഴ്‌സുകളും നേരിടുന്നുണ്ട് എന്നതു വാസ്തവമാണ്. പരീക്ഷകളിലും മറ്റും കൃത്രിമം കാണിക്കുന്ന വിരുതന്‍മാരുമുണ്ട്. കമ്പ്യൂട്ടര്‍ ഉപയോഗിച്ചല്ലാതെ മൂല്യനിര്‍ണ്ണയം നടത്തുന്ന അസ്സൈന്‍മെന്റുകളും മറ്റും മറ്റൊരു വെല്ലുവിളിയാണ്. പിയര്‍ ഗ്രൂപ്പ് ഇവാലുവേഷന്‍ വഴി വിദ്യാര്‍ത്ഥികള്‍ക്ക് പരസ്പരം മൂല്യനിര്‍ണ്ണയത്തിന് അവസരം നല്‍കിയാണ് ഈ പ്രശ്‌നത്തെ അതിജീവിക്കുന്നത്. ഇത് വിദ്യാര്‍ത്ഥികളുടെ കാര്യക്ഷമതയും വിഷയത്തിലെ ഉള്‍ക്കാഴ്ച്ചയും വര്‍ധിപ്പിക്കുമെന്ന മെച്ചവുമുണ്ട്. എന്നാല്‍, മൂല്യനിര്‍ണ്ണയത്തിന് വേണ്ടത്ര ക്ഷമതയില്ലാത്ത ഒരാളുടെ കയ്യില്‍ എത്തിപ്പെടുന്ന ഇത്തരം പേപ്പറുകളുടെ അവസ്ഥ എന്താകുമെന്ന ചോദ്യവും ഉയരുന്നുണ്ട്.

'മൂകു'കള്‍ നല്‍കുന്ന സൗകര്യങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ ഈ കുറവുകള്‍ അത്ര വലുതല്ലെന്നും ഒരു വിഭാഗം വാദിക്കുന്നു. ശൈശവദശയിലുള്ള 'മൂകു'കള്‍ അധികം വൈകാതെ ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ച് കൂടുതല്‍ കാര്യക്ഷമത കൈവരിക്കുമെന്നാണ് കരുതപ്പെടുന്നത്. സാങ്കേതികവിദ്യയുടെ പുരോഗതിയും കുറഞ്ഞ കാലംകൊണ്ട് ഈ കോഴ്‌സുകള്‍ കൈവരിച്ച വളര്‍ച്ചയും ഈ പ്രതീക്ഷകള്‍ക്ക് കരുത്തുപകരുന്നു.

ഇന്ത്യയില്‍ ഇത്തരം ഓണ്‍ലൈന്‍ കോഴ്‌സുകള്‍ക്ക് വന്‍ പ്രചാരമാണുള്ളത്്. കോഴ്‌സെരയിലും എഡ്എക്‌സിലുമെല്ലാം എന്‍റോള്‍ ചെയ്യുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പ്രതിദിനം കൂടി വരികയാണ്്. കോഴ്‌സെരയുടെ 67 ലക്ഷം ഉപയോക്താക്കളില്‍ അമേരിക്കയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്. എഡ്എക്‌സിന്റെ 19 ലക്ഷം ഓണ്‍ലൈന്‍ പഠിതാക്കളില്‍ 37 ശതമാനവും ഇന്ത്യയില്‍ നിന്നുള്ളവരാണ്.

കോഴ്‌സെരയ്ക്ക് ഇന്ത്യന്‍ പങ്കാളികളില്ലെങ്കിലും എഡ്എക്‌സിന് മുബൈ ഐഐടിയുമായി പങ്കാളിത്തമുണ്ട്. ഇന്‍ട്രൊഡക്ഷന്‍ ടു കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്, തെര്‍മോഡൈനാമിക്‌സ് എന്നീ കോഴ്‌സുകളാണ് എഡ്എക്‌സ്-ഐഐടി ടൈ അപ്പിലുള്ളത്.

'മൂക്' മേഖലയിലെ ഇന്ത്യന്‍ കുത്തൊഴുക്കിനെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി 'എന്‍ഗേജിംഗ് ഇന്ത്യ' എന്ന പേരില്‍ ഹിന്ദിയില്‍ ഒരു കോഴ്‌സും ആരംഭിച്ചു. എപ്രിലില്‍ ആരംഭിച്ച ഈ 10 ആഴ്ച്ച നീളുന്ന കോഴ്‌സ് ഹിന്ദിയിലെ ആദ്യത്തെ 'മൂക്' കോഴ്‌സാണ്.

ഉന്നത വിദ്യാഭ്യാസരംഗത്ത് അധ്യാപകരുടെ ദൗര്‍ലഭ്യം നേരിടുന്ന ഇന്ത്യ പോലൊരു രാജ്യത്ത് ഇത്തരം ഓണ്‍ലൈന്‍ കോഴ്‌സുകള്‍ തുറന്നിടുന്ന സാധ്യതകള്‍ അനന്തമാണ്. അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം നോക്കുമ്പോള്‍ അടുത്ത 15 വര്‍ഷത്തിനുള്ളില്‍ പത്തു ലക്ഷത്തിലേറെ അധ്യാപകരെ ഈ രംഗത്ത് ആവശ്യമായി വരുമെന്ന് അശോക യൂണിവേഴ്‌സിറ്റി സ്ഥാപകനും ട്രസ്റ്റിയുമായ പ്രമത് രാജ് സിന്‍ഹ പറയുന്നു.

കുറഞ്ഞ ചെലവില്‍ മികച്ച വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്ന 'മൂകു'കള്‍ സമീപഭാവിയില്‍തന്നെ വിദ്യാഭ്യാസരംഗത്തെ അവിഭാജ്യ ഘടകമാകുമെന്നാണ് വിദ്യാഭ്യാസ വിദഗ്ധരുടെ വിലയിരുത്തല്‍.

(കടപ്പാട്: സ്പാന്‍ മാഗസിന്‍, ന്യൂയോര്‍ക്ക് ടൈംസ്, ബിസിനസ്സ് ലൈന്‍, എഡ്എക്‌സ്, കോഴ്‌സെര, ഖാന്‍ അക്കാഡമി, ഉഡെമി, ഉഡാസിറ്റി)

No comments:

Post a Comment