Monday 29 September 2014

റോസറ്റയിലെ 'ഫിലേ പേടകം' നവംബര്‍ 12 ന് വാല്‍നക്ഷത്രത്തിലിറങ്ങും

പാരീസ്: ലോകം കാത്തിരിക്കുന്ന ബഹിരാകാശ പരീക്ഷണത്തിന് തിയ്യതി കുറിച്ചു. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ വാല്‍നക്ഷത്ര ദൗത്യമായ റോസറ്റയിലെ 'ഫിലേ' എന്ന ചെറുപേടകം നവംബര്‍ 12 ന് വാല്‍നക്ഷത്രത്തിലിറങ്ങും.

ഔദ്യോഗികമായി '67പി' എന്ന് പേരുള്ള 'ചുര്യുമോവ് - ഗരാസിമെന്റോ' വാല്‍നക്ഷത്രത്തിലെ നിശ്ചയിച്ച സ്ഥലത്താണ്, റോസറ്റയിലുള്ള 'ഫിലേ' എന്ന ചെറുപേടകം ഇറങ്ങുക. 20 കിലോമീറ്റര്‍ മുകളില്‍നിന്നാണ് 100 കിലോഗ്രാം ഭാരമുള്ള ഫിലേ പേടകം വാല്‍നക്ഷത്ര പ്രതലത്തിലേക്ക് 'സോഫ്റ്റ് ലാന്‍ഡിങ്' നടത്തുക.

വാല്‍നക്ഷത്രത്തിന്റെ പ്രതലം തുരന്ന് പരീക്ഷണങ്ങള്‍ നടത്താന്‍ ശേഷിയുള്ള ഫിലേ ഒരു ചെറുറോബോട്ടാണ്. മനുഷ്യനിര്‍മിതമായ ഇത്തരമൊരു പേടകം ഒരു വാല്‍നക്ഷത്രത്തിലിറങ്ങി പരീക്ഷണം നടത്തുന്നത് ആദ്യമായിട്ടാകും. വാല്‍നക്ഷത്രത്തിന്റെ ശിരസ്സില്‍ 'J' എന്ന് പേരുള്ള സ്ഥലമാണ് പേടകത്തിന് ഇറങ്ങാനായി നിശ്ചയിച്ചിട്ടുള്ളത്

വന്‍വെല്ലുവിളിയാണ് ഈ ഉദ്യമം നേരിടുന്നതെന്ന് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (ഇസ) അറിയിച്ചു. സാധാരണ സഞ്ചരിക്കുന്നതിന്റെ ഇരട്ടി ഉയരത്തില്‍ പറക്കുന്ന ഒരു വിമാനത്തില്‍നിന്ന് ഒരു ഫ്രിഡ്ജ്, ലണ്ടനിലെ റീജന്റ്‌സ് പാര്‍ക്കില്‍ കൃത്യമായി പതിപ്പിക്കുന്ന കാര്യം ചിന്തിച്ചുനോക്കുക. ഓര്‍ക്കുക, ഇവിടെ താഴെയുള്ള പാര്‍ക്കും അതിവേഗം നീങ്ങിക്കൊണ്ടിരിക്കുകയാണ്. അത്രയ്ക്ക് വെല്ലുവിളി നിറഞ്ഞ ദൗത്യമാണ് നവംബര്‍ 12 ന് നിശ്ചയിച്ചിട്ടുള്ളത്.

No comments:

Post a Comment