Friday 31 July 2015

ജിലേബി റിവ്യൂ

ജിലേബി റിവ്യൂ
ജയസൂര്യയെ നായകനാക്കി നവാഗതനായ അരുണ്‍ ശേഖര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമായ ജിലേബിക്ക് ആദ്യ പ്രദര്‍ശനം കഴിയുമ്പോള്‍ മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. രമ്യ നമ്പീശന്‍, വിജയരാഘവന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ശശി കലിംഗ, കെ. പി. എ. സി. ലളിത, ശാരി, മഞ്ജു, മാസ്റ്റര്‍ ഗൗരവ് മേനോന്‍, മാസ്റ്റര്‍ മിനോന്‍, ബേബി സയൂരി, അരുണ്‍ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. ‘മൈ ബോസി’നുശേഷം ഈസ്റ്റ്‌കോസ്റ്റ് കമ്യൂണിക്കേഷന്‍സിന്‍റെ ബാനറില്‍ വിജയന്‍ ഈസ്റ്റ് കോസ്റ്റ് നിര്‍മിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം ആല്‍ബി നിര്‍വഹിക്കുന്നു.സന്തോഷ് വര്‍മ, വിജയന്‍ ഈസ്റ്റ്‌കോസ്റ്റ് എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു.
ഒരു സാധാരണ നാട്ടിന്‍പുറത്തുകാരനായ ശ്രീക്കുട്ടന്‍ എന്ന കഥാപാത്രത്തെയാണ് ജയസൂര്യ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌. ശ്രീക്കുട്ടനും അയാളുടെ സഹോദരന്മാരുടെ മക്കളും തമ്മിലുള്ള സ്നേഹബന്ധത്തിന്‍റെ കഥ പറയുന്ന ഒരു കൊച്ചു ചിത്രമാണ് ജിലേബി. ദുബായില്‍ നിന്നും ശ്രീക്കുട്ടന്‍റെ സഹോദരകുടുംബം ചില പ്രത്യേക സാഹചര്യത്തില്‍ നാട്ടിലേക്ക് തിരിച്ചെത്തുന്നതോടെ “ജിലേബിക്കഥ” തുടരുകയാണ്. എന്നാല്‍ ശ്രീക്കുട്ടന്‍റെ സഹോദരന്മാരുടെ കുട്ടികള്‍ക്ക് കേരളത്തിലെക്ക് വരാന്‍ താല്‍പ്പര്യമില്ലായിരുന്നു. കൂടാതെ ശ്രീക്കുട്ടനെയും അവര്‍ക്ക് ഇഷ്ടമാവുന്നില്ല. അവര്‍ തമ്മിലുള്ള വാശിയും കൊച്ചു കൊച്ചു തമാശകളും പിണക്കങ്ങളും ചേര്‍ന്നപ്പോള്‍ ഈ ജിലേബിക്ക് മധുരമൂറുന്നു. കൂടാതെ “ഞാനൊരു മലയാളി ” എന്ന് തുടങ്ങുന്ന ഗാനം പ്രേക്ഷകര്‍ക്ക് ഇമ്പമേകുന്ന അനുഭവം സമ്മാനിക്കുന്നതില്‍ വിജയിക്കുകയും ചെയ്തു.
സിനിമയിലെ ചില സാഹചര്യങ്ങള്‍ പ്രേക്ഷകര്‍ക്ക്‌ എപ്പോഴെങ്കിലും എവിടെയെങ്കിലും വെച്ച് അനുഭവമുള്ള തോന്നല്‍ സൃഷ്ടിക്കാന്‍ സാധിക്കുന്നതും സംവിധായകന്‍റെ കഴിവായി കണക്കാക്കാം. കുമ്പസാരത്തിലെ മികച്ച പ്രകടനത്തിന് ശേഷം ജയസൂര്യയുടെ മികച്ച ഭാവങ്ങള്‍ക്കും സംഭാഷണ ശകലങ്ങള്‍ക്കും പ്രേക്ഷകര്‍ വീണ്ടും സാക്ഷിയാകുകയാണ് ജിലേബിയിലൂടെ. കുമ്പസാരം എന്ന ചിത്രത്തിലുള്ളത് പോലെ ഇമോഷണല്‍ രംഗങ്ങളോ സെന്റിമെന്റ്സ് കലര്‍ന്ന സംഭാഷങ്ങളോ ഈ ചിത്രത്തില്‍ ഇല്ല. ജയസൂര്യ എന്ന നടന് അഭിനയിച്ചു പ്രതിഫലിപ്പിക്കത്തക്കതായുള്ള സാഹചര്യങ്ങളും ചിത്രത്തില്‍ ഇല്ല. എന്നാല്‍ രണ്ടര മണിക്കൂര്‍ കൊച്ചു കുട്ടികളുമായി ആസ്വദിച്ചു കാണാന്‍ കഴിയുന്ന രീതിയിലുള്ള എല്ലാ ചേരുവകളും ഈ ചിത്രത്തിലുണ്ട്. ചിത്രം റിലീസ് ചെയ്യുന്നതിന് മുന്പ് ജയസൂര്യ തന്‍റെ ഫേസ്ബുക്ക് പേജ് വഴി കുറിച്ച വാക്കുകളെ അന്വര്‍ഥമാക്കുംവിധമാണ് ചിത്രത്തിന്‍റെ ഒഴുക്ക്. ഫേസ്ബുക്ക് ബുദ്ധിജീവികള്‍ കടിച്ചു കീറിയില്ലെങ്കില്‍ തീര്‍ച്ചയായും ഒരു മികച്ച ചിത്രത്തിനുള്ള എല്ലാ സാധ്യതകളും ജിലേബിയില്‍ കാണാം

No comments:

Post a Comment